
കരിപ്പൂർ :
കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി. ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും അവശേഷിക്കുന്നത് എട്ട് സർവ്വീസുകൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതവും ബുധനാഴ്ച മൂന്ന്, വ്യാഴാഴ്ച പുലർച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സർവ്വീസുകൾ. അവസാന വിമാനം 22 വ്യാഴം പുലർച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീർത്ഥാടകർ ബുധൻ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് ഒമ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്.
കരിപ്പൂരിൽ നിന്നും ഇന്ന് ഞായർ രണ്ട് വിമാനങ്ങളിലായി 346 പുറപ്പെട്ടു. പുലർച്ചെ 12.30 ന് പുറപ്പെട്ട വിമാനത്തിൽ 87 പുരുഷന്മാരും 86 സ്ത്രീകളും വൈകുന്നേരം 4.50 ന് പുറപ്പെട്ട വിമാനത്തിൽ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. കരിപ്പൂരിൽ നിന്നും ഇത് വരെ 23 വിമാനങ്ങളിലായി 3967 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി.
കരിപ്പൂരിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 74 പുരുഷന്മാരും 92 സ്ത്രീകളും വൈകുന്നേരം 5.30 ന് പുറപ്പെടുന്ന വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളുമാണ് പുറപ്പെടുക.
കണ്ണൂരിൽ നിന്നും നാളെ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് സർവ്വീസ്. ചൊവ്വാഴ്ച കണ്ണൂരിൽ നിന്നും ഹജ്ജ് സർവ്വീസുകളില്ല.
കരിപ്പൂരിൽ ഇന്ന് തിങ്കളാഴ്ച വിവിധ സമയങ്ങളിൽ നടന്ന യാത്രയയപ്പ് സംഗമങ്ങളിൽ എ.പി അനിൽ കൂമാർ എം.എൽ.എ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ കെ. ഉമർ ഫൈസി മുക്കം, അഷ്കർ കോറാട്, അസി.സെക്രട്ടറി ജാഫർ കക്കൂത്ത്, ഹസൻ സഖാഫി തറയിട്ടാൽ,യൂസുഫ് പടനിലം സംബന്ധിച്ചു.
o കൊച്ചി വഴി 1436 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി.
കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി ഇത് വരെ അഞ്ച് വിമാനങ്ങളിലായി 1436 തീർത്ഥാടകർ പുണ്യ ഭൂമിയിലെത്തി. ഇതിൽ 444 പേർ പുരുഷന്മാരും 992 പേർ വനിതാ തീർത്ഥാടകരുമാണ്. അഞ്ച് വിമാനങ്ങളിൽ ശനിയാഴ്ച രാത്രി പുറപ്പെട്ട വിമാനത്തിലും ഞായറാഴ്ച രാവിലെ പുറപ്പെട്ട വിമാനത്തിലും വനിതാ തീർത്ഥാടകർ (572) മാത്രമാണ് യാത്രയായത്. വനിതാ തീർത്ഥടർക്കു മാത്രമായുള്ള അവസാനത്തെ വിമാനം ഇരുപത്തിയൊന്നിന് രാവിലെ 11.30 ന് പുറപ്പെടും. മൂന്ന് വിമാനങ്ങളാണ് വനിതകൾക്ക് മാത്രമായി കൊച്ചിയിൽ നിന്നും ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
ഇന്ന് ഞായറാഴ്ച വൈകുന്നേരം 3.27 ന് പുറപ്പെട്ട എസ്.വി 3063 നമ്പർ വിമാനത്തിൽ 152 പുരുഷന്മാരും 137 സ്ത്രീകളുമാണ് യാത്രയായത്.
നാളെ തിങ്കളാഴ്ച ഒരു വിമാനമാണുള്ളത്. ഇതിൽ 284 പേരാണ് യാത്രയാവുക.
അതേ സമയം ലക്ഷദ്വീപിൽ നിന്നുള്ള തീർത്ഥാടക സംഗം നാളെ തിങ്കളാഴ്ച ഹജ്ജ് ക്യാമ്പിലെത്തും. ചൊവ്വാഴ്ച രാത്രി 8.20 ന് പുറപ്പെടുന്ന എസ്. വി 3067 നമ്പർ വിമാനത്തിലാണ് ഇവർ യാത്രയാവുക. 58 പുരുഷന്മാരും 54 സ്ത്രീകളും അടക്കം 112 പേരാണ് ലക്ഷദ്വീപിൽ നിന്നുള്ളത്. ഇവരുടെ സേവനത്തിനായി ഒരു ഹജ്ജ് ഇൻസ്പെക്ടറും ഉണ്ട്. ലക്ഷ്വദീപിൽ നിന്നുള്ള സംഘത്തെ ഹജ്ജ് കമ്മിറ്റിയുടേയും സംഘാടക സമിതിയുടേയും നേതൃത്വത്തിൽ ക്യാമ്പിൽ സ്വീകരിക്കും.