എടക്കര: പോത്ത്കല്ലിൽ പട്ടാപകൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി അക്രമണം. പോത്ത്കല്ല് കോടാലി പൊയിലിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സംഗീത് (30) നാണ് പരിക്കേറ്റത്. നെഞ്ചിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി രാവിലെ ഒമ്പതരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി മുതൽ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലി പൊയിൽ മേഖലയിൽ കാട്ടാന ജനവാസ കേന്ദ്രങ്ങളിലാണ്. അമ്പിട്ടാംപൊട്ടി ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പോലീസും, വനപാലകരും ചേർന്നാണ് കാട് കയറ്റാൻ ശ്രമിച്ചത്. ഇതിനിടെയാണ് സ്പെഷ്യൽ സ്ക്വാഡിലെ പോലീസുകാരന് പരിക്കേറ്റത്