Saturday, August 2

വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ല ; ഹൈക്കോടതി

കൊച്ചി : വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ ഈടുവസ്തുക്കളുടെ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ആലുവ സ്വദേശി ഷീല ഫ്രാന്‍സിസും മക്കളും സൗത്ത് ഇന്ത്യന്‍ ബാങ്ക് ആലുവ ശാഖയിലെ വായ്പ തീര്‍പ്പാക്കിയിട്ടും രേഖകള്‍ വിട്ടുകിട്ടുന്നില്ലെന്നു കാണിച്ച് നല്‍കിയ ഹര്‍ജിയിലാണു ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഉത്തരവിട്ടത്. കോടതിയുടെ സമയം പാഴാക്കിയതിനു ബാങ്ക് 50,000 രൂപ കോടതിച്ചെലവു നല്‍കണമെന്നും ഉത്തരവിലുണ്ട്. രേഖകള്‍ വിട്ടുനല്‍കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ബാങ്കിനു ബാധകമാണെന്നും കോടതി പറഞ്ഞു.

രേഖകള്‍ കാണാനില്ലെന്നു പറഞ്ഞ ബാങ്ക്, ബാങ്കില്‍നിന്നു വായ്പ ഏറ്റെടുത്ത സ്ഥാപനത്തിന്റെ ചുമലില്‍ ഇതിന്റെ ഉത്തരവാദിത്തം വയ്ക്കാന്‍ നോക്കിയതുമൂലം ആ സ്ഥാപനത്തെക്കൂടി കക്ഷിചേര്‍ത്തു വാദം കേള്‍ക്കേണ്ടിവന്നെന്നും ഇത് മൂലം കോടതിയുടെ സമയം പാഴാക്കിയതിനുമാണ് ബാങ്ക് 50,000 രൂപ കോടതിച്ചെലവു നല്‍കണമെന്ന് ഉത്തരവിട്ടത്. ഇതില്‍ 25,000 രൂപ ഹര്‍ജിക്കാര്‍ക്കും ബാക്കി കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും നല്‍കണം.

ഹര്‍ജിക്കാര്‍ 2009 ല്‍ എടുത്ത ഭവനവായ്പ 2015 ല്‍ അടച്ചുതീര്‍ത്തിരുന്നു. 2015 ഓഗസ്റ്റ് 4 മുതല്‍ ആവശ്യപ്പെട്ടിട്ടും ഈടുവസ്തുക്കളുടെ 4 ആധാരങ്ങള്‍ വിട്ടുനല്‍കാത്തതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. രേഖകള്‍ കാണുന്നില്ലെന്നും 2023 ല്‍ ശാഖ മാറ്റിയപ്പോള്‍ തീര്‍പ്പാക്കിയ ഫയലുകള്‍ ഒഴിവാക്കിയിരുന്നെന്നും ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. ഹര്‍ജിക്കാരുടെ വായ്പ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഏറ്റെടുത്തതിനാല്‍ രേഖകള്‍ അവര്‍ക്കു കൈമാറിയിട്ടുണ്ടാകാമെന്നും പറഞ്ഞു.

തുടര്‍ന്ന് കോടതി എച്ച്ഡിബിയെ കക്ഷി ചേര്‍ത്തെങ്കിലും തങ്ങളുടെ വായ്പയ്ക്ക് ഈടു നല്‍കിയതു മറ്റു ചില സ്വത്തുക്കളാണെന്ന് അവര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ രേഖകള്‍ തിരിച്ചുനല്‍കാന്‍ ബാങ്കിനു ബാധ്യതയുണ്ടെന്നും കണ്ടെത്താനാകുന്നില്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. രേഖകള്‍ വിട്ടുനല്‍കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ബാങ്കിനു ബാധകമാണ്. ഇതുപ്രകാരം നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

error: Content is protected !!