
ദില്ലി : സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസിലെ ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചു. പ്രതി കിരണ്‍കുമാറിന് ജാമ്യവും അനുവദിച്ചു. കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. എന്നാല്‍, ഇതിനെതിരേ കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നു കാണിച്ച് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനം എടുക്കും വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചത്. നേരത്തേ കേസില്‍ കിരണ്‍കുമാറിന് കോടതി പരോളും അനുവദിച്ചിരുന്നു.
ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയയെ ഭര്‍ത്താവും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കൊല്ലം പോരുവഴിയിലെ കിരണ്‍കുമാറിന്റെ വീട്ടില്‍ 2021 ജൂണ്‍ 21നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 100 പവന്‍ സ്വര്‍ണം, ഒരേക്കര്‍ വസ്തു, 12 ലക്ഷം രൂപയുടെ ടയോട്ട യാരിസ് കാര്‍ എന്നിവയാണ് വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയത്. ആറുമാസം തികയും മുമ്പ് കാര്‍ മോശമാണെന്നും മറ്റൊന്നു വാങ്ങാന്‍ 10 ലക്ഷം നല്‍കണമെന്നും വിസ്മയയുടെ അച്ഛനമ്മമാരോട് കിരണ്‍ ആവശ്യപ്പെട്ടത്.
ഇതോടെ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ അടുത്ത ദിവസം തന്നെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ അന്വേഷണം ആവശ്യപ്പെട്ടുകയായിരുന്നു. ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ത്വരിതഗതിയില്‍ നടപടി സ്വീകരിക്കുകയായിരുന്നു. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ ടീമിനെ നിയോഗിക്കുകയും ഐജി ഹര്‍ഷിദ അട്ടല്ലൂരിക്ക് മേല്‍നോട്ടച്ചുമതല നല്‍കുകയുംചെയ്തു. ശൂരനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ്ചെയ്തു. വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് 2021 ആഗസ്ത് ആറിന് കിരണിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.
സംഭവം നടന്ന് 80 ദിവസത്തിനകം ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. 2022 ജനുവരി 10ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. ഇടവേളയില്ലാതെ മെയ് 17ന് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി. കിരണില്‍നിന്ന് വിസ്മയക്കുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാനും അവ വിചാരണക്കോടതിയെ ബോധ്യപ്പെടുത്താനും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന് കഴിഞ്ഞു.
സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളായിരുന്നു ആശ്രയം. കിടപ്പുമുറിയിലുണ്ടായിരുന്ന വസ്തുക്കള്‍, അടയാളങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍, വാട്സാപ് സന്ദേശങ്ങള്‍, ജൂണ്‍ 21നു പുലര്‍ച്ചെ വിസ്മയയെ എത്തിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 120 രേഖയും 12 തൊണ്ടിമുതലും ഹാജരാക്കിയ പ്രോസിക്യൂഷന്‍ 42 സാക്ഷികളെ വിസ്തരിച്ചു.