തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിൽ വ്യാപക പരാതിയുണ്ടായിരുന്നു. കൂടാതെ കോഴിക്കോട് കോർപ്പറേഷനിൽ യൂസർ ഐ ഡി ദുരുപയോഗം ചെയ്തു കെട്ടിട നിർമാണത്തിന് അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പരിശോധന നടത്തിയത്. കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സംഘമാണ് പരിശോധന നടത്തിയത്. 11 മണിക്ക് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് സമാപിച്ചത്. സംശയമുള്ള ചില ഫയലുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചില കെട്ടിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
കെട്ടിട നിർമാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും വലിയ തോതിൽ കൈക്കൂലി വാങ്ങുന്നതായി പരാതിയുണ്ട്. എന്തെങ്കിലും സാങ്കേതിക പ്രശ്നം പറഞ്ഞു മുടക്കുകയും കൈക്കൂലി നൽകിയാൽ അനുമതി നൽകുകയും ചെയ്യുന്നതായി കൗണ്സിലര്മാര് തന്നെ പരാതിപ്പെടുന്നുണ്ട്. എന്തെങ്കിലും ചില പിഴവുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പണം നൽകിയാൽ മാത്രമേ ചില ഉദ്യോഗസ്ഥർ അനുമതി നല്കുന്നുള്ളൂ എന്നു ആരോപണമുണ്ട്. മുമ്പ് ഒരു കെട്ടിട ഉടമയിൽ നിന്നും പണം വാങ്ങിയത് തിരിച്ചു വാങ്ങിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. വ്യാപക പരാതിയെ തുടർന്ന് ഒരു ഉദ്യോഗസ്ഥനെ ടൌൺ വാർഡുകളുടെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ ഇദ്യേഹം വീണ്ടും ഈ വാർഡുകളിലും മറ്റു വാർഡുകളിലും ഇടപെടുന്നതായി ആക്ഷേപം ഉണ്ടായിരുന്നു. പണം നൽകിയാൽ അനധികൃത കെട്ടിടങ്ങൾക്കും അനുമതി നൽകുന്നതായി ആക്ഷേപമുണ്ട്. മുൻ സെക്രട്ടറി വ്യാപകമായി ഇത്തരത്തിൽ അനുമതി നൽകിയിരുന്നു. തുടർന്ന് ഇദ്യേഹത്തിനെതിരെ നടപടി ഉണ്ടായിരുന്നു. ഭരണ സമിതിയിലെ ചിലരും ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുന്നതായി ആക്ഷേപമുണ്ട്. നഗരസഭയിൽ ഒട്ടേറെ അനധികൃത കെട്ടിടങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും അനധികൃത കെട്ടിടങ്ങളെ കുറിച്ചു ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാനോ പരിശോധന നടത്താനോ തയ്യാറായിട്ടില്ല. കെട്ടിടങ്ങൾ നിർമിച്ചു അംഗീകാരം ലഭിച്ച ശേഷം രൂപം മാറ്റുന്നതും പാർക്കിങ് സ്ഥലങ്ങൾ പോലും കച്ചവടം നടത്താൻ വാടകക്ക് നൽകുന്നതായും ആക്ഷേപമുണ്ട്. നിശ്ചിത അകലം പാലിക്കാതെ കെട്ടിട നിർമാണ ചട്ടം ലംഘിച്ചിട്ടും നടപടിയില്ല. അതേ സമയം, സാധാരണക്കാർ വീടുണ്ടാക്കുന്നതിനും മറ്റും അനുമതി തേടിയാൽ നിയമത്തിന്റെ എല്ലാ നൂലമാലകളും ഇവർക്കെതിരെ പ്രയോഗിക്കുന്നതായും യുവജന സംഘടനകൾ ആരോപിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാപകമായ പരാതിക്കിടെയാണ് വിജിലന്സിന്റെ മിന്നൽ പരിശോധന.