Monday, July 14

താത്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി ; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് തിരിച്ചടി. ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. 2 സര്‍വകലാശാലകളിലും താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. താത്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്നായിരുന്നു സിംഗില്‍ ബെഞ്ച് ഉത്തരവ്.

കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ പാനലില്‍ നിന്നല്ലാതെ താല്‍ക്കാലിക വിസിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.വി.ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സ്ഥിര വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

error: Content is protected !!