Thursday, July 31

ഗാസയില്‍ 662 ദിവസം നീണ്ട യുദ്ധമുഖത്ത് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെ, ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി ഗുരുതരം, പട്ടിണി മൂലം മരിച്ചത് 88 കുട്ടികള്‍ ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

ഗാസ: ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെയെന്ന് പലസ്തീനിലെ ആരോഗ്യ വിഭാഗം. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് നുരച്ചുകയറി ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ നടന്ന 662 ദിവസം നീണ്ട യുദ്ധമുഖത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു മാറ്റിയിരുന്നു. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു. ഗാസയില്‍ ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയര്‍മാരും കൊല്ലപ്പെട്ടെന്നാണ് ഇവര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ഭക്ഷണം കിട്ടാതെ മരിച്ച 147 പേരില്‍ 88 പേര്‍ കുഞ്ഞുങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ഗാസയില്‍ ഇപ്പോഴുള്ള മൂന്നിലൊന്ന് പേര്‍ക്കും ദിവസം ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ല. പോഷകാഹാരം ലഭിക്കാതെ 20000 ത്തോളം കുട്ടികളെ ഏപ്രില്‍ മാസത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3000 പേരുടെ സ്ഥിതി ഗുരുതരമാണ്.

ഗാസയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതിയും ഗുരുതരമാണ്. കുട്ടികള്‍ക്ക് പേശികളില്ലെന്നും തൊലി എല്ലുകളോട് ഒട്ടിച്ചേര്‍ന്ന് ഇരിക്കുകയാണെന്നും അഹമ്മദ് അല്‍ ഫറയിലെ നാസര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഈ കുട്ടികള്‍ക്ക് മറ്റ് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

സെപ്തംബറോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. അതോടെ ഗാസയിലെ മുഴുവന്‍ ജനവും കടുത്ത ഭക്ഷ്യക്ഷാമം നേരിടും. 5ലക്ഷത്തിലധികം പേര്‍ കൊടും പട്ടിണിയിലേക്ക് തള്ളപ്പെടും. ഈ സാഹചര്യമൊഴിവാക്കാന്‍ സൈനിക നീക്കത്തില്‍ നിന്നും അതിര്‍ത്തിയിലെ നിയന്ത്രണങ്ങളില്‍ നിന്നും ഇസ്രയേലിനെ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍.

ഇന്നലെ മാത്രം 62 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഇന്നലെ മധ്യഗാസയിലെ നുസെയ്‌റത്ത് അഭയാര്‍ഥി ക്യാംപിലടക്കം ഇസ്രയേല്‍ ആകമണമുണ്ടായി. എല്ലുന്തി മൃതപ്രായരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതിനിടെ, ഗാസയില്‍ അതികഠിനമായ പട്ടിണിയും ക്ഷാമവുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.’ആ കുട്ടികളെ കണ്ടാലറിയാം, മുഴുപ്പട്ടിണിയിലാണെന്ന്’ സ്‌കോട്ലന്‍ഡ് സന്ദര്‍ശനത്തിനിടെ ട്രംപ് അഭിപ്രായപ്പെട്ടു. ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട് തള്ളിയായിരുന്നു ഇത്. രണ്ടു മാസത്തിനുള്ളില്‍ 5000 ട്രക്കുകളിലായി ഗാസയില്‍ സഹായമെത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

error: Content is protected !!