Thursday, July 31

ഹജ്ജ് 2026 ; ഇതുവരെ ലഭിച്ചത് 16,943 അപേക്ഷകള്‍

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതു വരെ 2026 ഹജ്ജിന് 16,943 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. ഇതില്‍ 3342 പേര്‍ 65+ വിഭാഗത്തിലും, 2216 പേര്‍ ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലും, 689 പേര്‍ ജനറല്‍ ബി. (WL) വിഭാഗത്തിലും 10696 പേര്‍ ജനറല്‍ വിഭാഗത്തിലായുമാണ് അപേക്ഷകള്‍ ലഭിച്ചത്.

ജനറല്‍ കാറ്റഗറി – ബി. (WL)- ഈ വിഭാഗത്തില്‍ ഇതുവരെ 689 അപേക്ഷളാണ് ലഭിച്ചിട്ടുള്ളത്. 2025 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിച്ച് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് അവസരം ലഭിക്കാത്തവര്‍ക്ക് 2026 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കില്‍ 2026 ഹജ്ജ് ഗൈഡ്‌ലൈന്‍സ്-No.17 പ്രകാരം മുന്‍ഗണ ലഭിക്കുന്നതാണ്. ഇത്തരം അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. കഴിഞ്ഞവര്‍ഷത്തെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടു അവസരം ലഭിക്കാത്തവര്‍ക്ക് മാത്രമാണ് ഈ പരിഗണന ലഭിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ കവര്‍ നമ്പര്‍ രേഖപ്പെടുത്തണം. പുതുതായി അപേക്ഷ നല്‍കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കവറില്‍ ഉള്‍പ്പെടാത്ത മറ്റാരെയും ഉള്‍പ്പെടുത്തരുത്.
ഈ കാറ്റഗറിയില്‍ അപേക്ഷിക്കുന്നതിന് അര്‍ഹരായവര്‍ അപേക്ഷയില്‍ ജനറല്‍-ബി. (WL) എന്ന വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കാറ്റഗറി മാറി അപേക്ഷിച്ചവര്‍ക്ക് ഈ പരിഗണന ലഭിക്കുകയില്ല. കാറ്റഗറി മാറി അപേക്ഷ സമര്‍പ്പിച്ചവരുണ്ടെങ്കില്‍ അവസാന തിയ്യതിക്കു മുമ്പ് തന്നെ പുതുക്കി ജനറല്‍ ബി. കാറ്റഗറിയില്‍ തന്നെ അപേക്ഷിക്കേണ്ടതാണെന്നും അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.

error: Content is protected !!