
മലക്കപ്പാറ : പുലി കഴുത്തിന് കടിച്ചെടുത്തോടിയ മകനെ സാഹസികമായി രക്ഷിച്ച് പിതാവ്. മാതാപിതാക്കളുടെ നടുവില്‍ ഉറങ്ങിക്കിടന്ന 4 വയസ്സുകാരനെയാണ് പുലി കടിച്ചെടുത്തോടിയത്. പിന്നാലെ കല്ലുമായി ഓടിയ പിതാവ് പുലിയെ അടിച്ച് വീഴ്ത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. കേരളതമിഴ്‌നാട് അതിര്‍ത്തിഗ്രാമമായ മലക്കപ്പാറയിലെ വീരന്‍കുടി ആദിവാസി ഉന്നതിയിലെ താമസക്കാരായ ബേബി – രാധിക ദമ്പതികളുടെ മൂത്ത മകന്‍ രാഹുലിനെയാണ് (4) ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ പുലി പിടിച്ചത്.
ഉള്‍ക്കാട്ടില്‍ ഷീറ്റ് വലിച്ചുകെട്ടിയ മേല്‍ക്കൂരയുടെ കീഴില്‍ സാരി കൊണ്ടു മറച്ച കുടിലിലാണ് ഇവരുടെ താമസം. 2 വയസ്സുകാരിയായ അനുജത്തിയും കുടിലില്‍ ഉറങ്ങുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്ന ബേബി പുലി കുട്ടിയുടെ കഴുത്തില്‍ കടിച്ച് ഓടിമറയുന്നതാണ് കണ്ടത്. ഇതോടെ രണ്ടാമതൊന്ന് ചിന്തിക്കാതെ കൈയ്യില്‍ കിട്ടിയ കല്ലുമായി ബേബി പുലിയുടെ പിന്നാലെ ഓടി. കാടിനകത്തേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് ബേബക്ക് മകന്റെ കാലില്‍ പിടുത്തം കിട്ടി. പിന്നാലെ കയ്യിലുണ്ടായിരുന്ന കല്ല് കൊണ്ട് പുലിയെ ആഞ്ഞിടിച്ചു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.
മാതാപിതാക്കളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണു കുട്ടിയെ തിരികെ കുടിലില്‍ എത്തിച്ചത്. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പും എത്തുന്ന സമയംകൊണ്ട് വീണ്ടും പുലി രണ്ടുവട്ടം പരിസരത്ത് എത്തി. കുഞ്ഞിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലെത്തിച്ച് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. തലയില്‍ പുലിയുടെ കടിയേറ്റിട്ടുണ്ടെന്നും പല്ല് തലയോട്ടി തുളച്ചുകയറി തലച്ചോറില്‍ ക്ഷതം ഏല്‍പിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.