Monday, August 18

നാലാം ക്ലാസിലെ പാഠ പുസ്തകത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ; പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ ഡീ ബാര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള അധ്യയന സഹായി പുസ്തകത്തിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം വന്നതില്‍ കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്. പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ് സിഇആര്‍ടിയ്ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന കേന്ദ്ര നയമല്ല കേരളത്തിന്റേത്. ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുകയെന്ന നയമാണ് പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നാലാം ക്ലാസിലെ പരിസര പഠനം പുസ്തകത്തിലെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. നേതാജിയെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ വിശദീകരിക്കുന്നിടത്താണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയന്ന് ജര്‍മനിയിലേക്ക് പലായനം ചെയ്തുവെന്ന വസ്തുത വിരുദ്ധമായ പരാമര്‍ശം വന്നത്. ഇത് എസ്സിഇആര്‍ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 4 ദിവസം മുന്‍പ് ഇതു തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം പരിഷ്‌കരിച്ച പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കൈപ്പുസ്തകമാണിത്. ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതല്ലാതെ അച്ചടിച്ചു നല്‍കിയിട്ടില്ല.

വിഷയം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താനും ചരിത്രപരമായ വസ്തുതകള്‍ ചേര്‍ത്തു മാത്രമേ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തില്‍ ചരിത്രപരമായ ചില പിശകുകള്‍ സംഭവിച്ചതായി അറിയാന്‍ കഴിഞ്ഞു.

ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താനും ചരിത്രപരമായ വസ്തുകള്‍ ചേര്‍ത്തു മാത്രമെ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിര്‍ദ്ദേശം എസ്.സി.ഇ.ആര്‍.ടി.ക്ക് നല്‍കിയിട്ടുണ്ട്.

തിരുത്തലുകള്‍ വരുത്തിയ പാഠഭാഗം ഇപ്പോള്‍ എസ്.സി.ഇ.ആര്‍.ടി. വെബ്സൈറ്റില്‍ ലഭ്യമാണ്. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നിലപാടല്ല ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് ഈ പാഠ്യ പദ്ധതി പരിഷ്‌കരണ വേളയിലെല്ലാം തന്നെ നാം സ്വീകരിച്ചിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യും. ഇത്തരം പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ്.സി.ഇ.ആര്‍.ടി. യ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!