
ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ്. ധര്‍മസ്ഥലയെന്ന ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ പരാതിക്കാരന്‍. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്.
ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസിലാണ് ഇയാള്‍ നിലവില്‍ ഉള്ളത്. ധര്‍മ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നല്‍കിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതിനിടെ, 2003ല്‍ മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. പുതിയ വെളിപ്പെടുത്തലിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. സുജാതയുടെ വീട്ടിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടി. പ്രതികരണം തേടി എത്തിയ മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് കടത്തിവിട്ടില്ല. സുജാതയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്‌ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.
ഈ ആഴ്ച ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അവരുടെ പുതിയ മൊഴികള്‍. 2003 മെയ് മാസത്തില്‍ ധര്‍മ്മസ്ഥല സന്ദര്‍ശനത്തിനിടെ 18 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തന്റെ മകള്‍ അനന്യയെ കാണാതായതായി സുജാത ആദ്യ പരാതിയില്‍ ആരോപിച്ചു. അനന്യയുടെ സുഹൃത്തുക്കള്‍ ഷോപ്പിംഗിന് പോയപ്പോള്‍, ക്ഷേത്രപരിസരത്ത് അനന്യ നിന്നുവെന്ന് അവര്‍ പറഞ്ഞു. പിന്നീട് മകളെ കാണാതായെന്നും അവര്‍ പറഞ്ഞു. മകളുടെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോയി തടഞ്ഞുനിര്‍ത്തി, ധര്‍മ്മസ്ഥലയിലേക്ക് മടങ്ങുകയോ ആരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും സുജാത ആരോപിച്ചിരുന്നു.
2003ല്‍ തന്റെ മകള്‍ അനന്യ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂലൈ 15-നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ, പരാതി എസ്‌ഐടിക്ക് കൈമാറിയിരുന്നു. എസ്‌ഐടി അന്വേഷണം ആരംഭിച്ചപ്പോഴാണ് താന്‍ പറഞ്ഞ കഥ വ്യാജമാണെന്നും സ്വത്ത് പ്രശ്നം കാരണം ആക്ടിവിസ്റ്റുകള്‍ മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ഇവര്‍ ആരോപിച്ചു. അനന്യ ഭട്ട് എന്നൊരു മകള്‍ തനിക്കില്ലെന്ന് ഇവര്‍ യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തി. മകളുടേതെന്ന പേരില്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണെന്നിവര്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവര്‍, ടി ജയന്തി എന്നിവരാണ് വ്യാജ കഥ കെട്ടിച്ചമയ്ക്കാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ഇവര്‍ വെളിപ്പെടുത്തി. ധര്‍മസ്ഥലയോട് ചേര്‍ന്ന വനമേഖലയില്‍ നിരവധിപേരെ സംസ്‌കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.