
കാസര്‍കോട് : കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ടു റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു.
ഓട്ടോ റിക്ഷയും ബസും കാത്ത് നിന്നവര്‍ക്കിടയിലേക്കാണ് ഇടിച്ചു കയറിയത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയിലുള്ളവരാണ് മരിച്ചതെന്ന് പ്രാഥമിക വിവരമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. മരിച്ചത് 3 സ്ത്രീകളും ഒരു കുട്ടിയും ഓട്ടോ ഡ്രൈവറുമെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കുട്ടിക്ക് 10 വയസുണ്ട്. ബസ് കാത്തുനിന്നവര്‍ക്ക് പരുക്കേറ്റു. മരിച്ചവരിൽ നാലുപേർ കർണാടക സ്വദേശികളും ഒരാൾ തലപ്പാടി സ്വദേശിയുമാണ്.