Thursday, August 28

ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസ് ; 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്കു ശേഷം കെ കെ രമ എംഎല്‍എ മുന്‍കൈയെടുത്ത് വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോള്‍ ആണ് ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ടൗണ്‍ഹാളിന് സമീപം ഷാഫിയുടെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷാഫിയെ അസഭ്യം പറയുകയും ചെയ്‌തെന്ന് ആരോപണം ഉണ്ട്. അതേസമയം കാറില്‍ ഷാഫിക്ക് പിറകില്‍ ഇരിക്കുന്നവര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് സ്ഥിതി വഷളായതെന്നും പറയപ്പെടുന്നു. തുടര്‍ന്ന് ഷാഫി കാറില്‍ നിന്നിറങ്ങി ഇവര്‍ക്ക് മറുപടി നല്‍കി. വാഗ്വാദം അഞ്ച് മിനിറ്റോളം നീണ്ടു.

error: Content is protected !!