
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ സഭയിലെത്തുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കവേ ആണ് സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിപ്പോള്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരിക്കുക. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനു ശേഷം വരുന്ന അടുത്ത സീറ്റാണിത്.
സഭ സമ്മേളനം തുടങ്ങിയ 9 മണിവരെ രാഹുല്‍ എത്തിയേക്കുമെന്ന സൂചന മാത്രമാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ സ്റ്റാഫ് ഒന്‍പത് മണിയോടെ സഭയിലെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിന് രാഹുലിന് നിയമപരമായ തടസ്സവുമില്ല.
പ്രതിപക്ഷ നിരയിലെ പിന്‍ബെഞ്ചില്‍, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം. രാഹുല്‍ സഭയിലേക്ക് എത്തിയ സമയം അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. പുലര്‍ച്ച തന്നെ അടൂരിലെ വീട്ടില്‍ നിന്നും ഇറങ്ങി എന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുല്‍ കയറി വന്നത്.
എല്ലാ ദിവസവും സഭയിലെത്താനാണ് രാഹുലിന്റെ തീരുമാനം. ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തും. ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്.