
തിരൂരങ്ങാടി: സാക്ഷരതാ പ്രവർത്തകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച കെ.വി. റാബിയക്ക് തിരൂരങ്ങാടിയിൽ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി സാമൂഹ്യ നീതി വകുപ്പ് അധികൃതർ സ്ഥല പരിശോധന നടത്തി. തന്റെ അംഗപരിമിതികൾക്കുള്ളിൽ നിന്ന് സാക്ഷരതാ പ്രവർത്തനത്തിലൂടെയും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും മാതൃക തീർത്ത് രാജ്യാന്തരങ്ങൾക്കപ്പുറം തിരൂരങ്ങാടിയുടെയും രാജ്യത്തിന്റെയും ഖ്യാതി ഉയർത്തിയ കെ.വി. റാബിയക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു. ദേശീയ യൂത്ത് അവാർഡ്, യു.എൻ. ഇന്റർ നാഷണൽ പുരസ്കാരം, സാക്ഷരതാ പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ മഹിളാ രത്നം അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2022 ൽ രാജ്യം പത്മശ്രീയും നൽകി ആദരിച്ചു.
2025 മെയ് നാലിനാണ് പത്മശ്രീ കെ.വി. റാബിയ അന്തരിച്ചത്.
റാബിയയുടെ മരണശേഷം റാബിയ കൊളുത്തിയ ദീപം അണയാതിരിക്കുവാനും വൈകല്യത്തെ അതിജീവിച്ച് നിശ്ചയ ദാർഡ്യത്തോടെ ഉയരങ്ങളിലെത്തിയ റാബിയയുടെ ജീവിതവും പ്രവർത്തനവും ഭാവി തലമുറക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ തിരൂരങ്ങാടിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനും സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ടുമായ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ ഉദ്യോഗസ്ഥ സംഘം തിരൂരങ്ങാടിയിലെത്തി സ്മാരക നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തിയത്. കെ.വി. റാബിയയുടെ വീടും ബന്ധുക്കളെയും സന്ദർശിച്ച സംഘം തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ്, തിരൂരങ്ങാടി വില്ലേജ് ഓഫീസർ എന്നിവരെയും സന്ദർശിച്ചു ചർച്ച നടത്തി. ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ കൃപാ ജ്യോതി, അരുണിമ , സൽവ , സിഗ്നേച്ചർ ഭിന്ന ശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അഷ്റഫ് കളത്തിങ്ങൽ പാറ