Saturday, January 31

ഭാര്യയെയും മക്കളെയും പൂട്ടിയിട്ട് യുവാവ് വീടിന് തീ വെച്ചു; 15 കാരൻ സാഹസികമായി സഹോദരിയെ രക്ഷപ്പെടുത്തി

പത്തനംതിട്ട : കിടന്നുറങ്ങിയ മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നര്‍ ഒഴിച്ചശേഷം രണ്ടാനച്ഛന്‍ വീടിന് തീവെച്ചു.
വീടിന് തീപിടിച്ചതോടെ ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളില്‍ നിന്നും അനുജത്തിയെ 15-കാരനായ സഹോദരന്‍ സാഹസികമായി രക്ഷിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് തീയിടുകയായിരുന്നു.
അപകടത്തില്‍ പൊള്ളലേറ്റെങ്കിലും 15കാരന്‍ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കി. പക്ഷേ, പരാജയപ്പെട്ടു. പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്. വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍ ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന്‍ പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല.വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
പെയിന്റിങ് തൊഴിലാളിയാണ് സിജു. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ഉറങ്ങാന്‍കിടന്ന ഇയാള്‍ രാത്രി വീടിന് പുറത്തിറങ്ങി മുറിയിലേക്ക് ടിന്നര്‍ ഒഴിച്ചശേഷം കതകിന് മുകളിലുള്ള വെന്റിലേഷനിലൂടെ തീപ്പന്തം എറിയുകയായിരുന്നു. വീടിന്റെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിയാണ് മുകളില്‍ കയറി പ്രവീണ്‍ ഓടിളക്കിമാറ്റി അനുജത്തിയെ പുറത്തിറക്കി. അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടില്‍നിന്ന് കൂട്ടക്കരച്ചില്‍ ഉയര്‍ന്നതോടെ അയല്‍പക്കത്തുള്ളവര്‍ ഓടിക്കൂടി. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് കൈയ്ക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. കുടുംബകലഹമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവില്‍പോയ സിജുവിനെ പൂങ്കാവില്‍നിന്നാണ് പിടികൂടിയത്.

error: Content is protected !!