Friday, July 24

കളിയാട്ടമുക്ക്-ചാലിപ്പാടം കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം: കർഷക സംഘം

മൂന്നിയൂർ: ദേശീയപാത വികസനത്തോടനുബന്ധിച്ച് തകർന്ന കളിയാട്ടമുക്ക്-ചാലിപ്പാടം കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കർഷക സംഘം വള്ളിക്കുന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 250 ഏക്കറയോളം കൃഷി ചെയ്ത പ്രദേശത്ത് നിലവിൽ വൈദ്യുതി ലഭിക്കാൻ പ്രയാസം നേരിടുകയാണ്. നിലവിൽ 10 ശതമാനത്തോളം വൈദ്യുതി ലൈനിൻ്റെ ജോലി മാത്രമെ പ്രദേശത്ത് പൂർത്തിയായിട്ടുള്ളൂ. കാർഷിക മേഖലക്കിത് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. താഴെ ചേളാരി വി കുമാര ദാസൻ നഗറിൽ
(സ്മാർട്ട് ഓഡിറ്റോറിയം) നടന്ന സമ്മേളനം കർഷക സംഘം ജില്ല ട്രഷറർ കെ ടി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ് സദാനന്ദൻ, കെ പി ഹൈമാവതി, പി പരമേശ്വരൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. കെ എം രഘുനാഥ് രക്തസാക്ഷി പ്രമേയവും പി പരമേശ്വരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി വി രാജൻ പ്രവർത്തന റിപ്പോർട്ടും ജില്ല എക്സിക്യൂട്ടീവംഗം മത്തായി യോഹന്നാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവംഗം എൻ ഹരിദാസൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി പി വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ ശശിധരൻ (പ്രസിഡൻറ്), കെ പി ഹൈമാവതി, വിനയൻ പാറോൽ (വൈസ് പ്രസിഡൻറ്), ടി വി രാജൻ (സെക്രട്ടറി) ഇ പ്രഭാകരൻ, പി പരമേശ്വരൻ (ജോ. സെക്രട്ടറി), കെ ടി അജയ് കുമാർ (ട്രഷറർ).

error: Content is protected !!