കൊല്ലം: വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തിയാണ് കുട്ടിയുമായി കടന്നത്.
കൊട്ടിയം കണ്ണനല്ലൂര്‍ സ്വദേശി ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തമിഴ്നാട് സ്വദേശികളടക്കം അടങ്ങുന്ന ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്.
സംഭവം നടന്ന് അഞ്ച് മണിക്കൂറിനു ശേഷം പാറശാലയില്‍ വച്ചാണ് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചത്. വൈകിട്ട് ആറരയോടെ ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്ത സമയത്ത് രണ്ട് കാറുകളിലായി എത്തിയ സംഘം കുട്ടിയുമായി കടന്നു. വിവരം ലഭിച്ചയുടന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും തമിഴ്നാട് രജിസ്ട്രേഷനുള്ള കാറില്‍ കുട്ടിയെ കടത്തുന്നതായി സന്ദേശം കൈമാറി.
രാത്രി ഒന്‍പത് മണിയോടെ കാര്‍ പൂവാര്‍ സ്റ്റേഷന്‍ പരിധികടന്നപ്പോള്‍ പൊലീസ് ജീപ്പ് പിന്തുടര്‍ന്നു. ഇതോടെ ഇട റോഡ് വഴി പട്യക്കാലയില്‍ എത്തിയ സംഘം കാര്‍ ഉപേക്ഷിച്ചു. കാറിന്റെ മുന്‍ഭാഗം ഇടിച്ചു തകര്‍ന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനില്‍ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്.
പാറശാല കോഴിവിളക്കു സമീപം വച്ചാണ് ഓട്ടോ തടഞ്ഞത്. ഒാട്ടോയില്‍ അബോധാവസ്ഥയിലായിരുന്ന ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ടം സ്വദേശി ബിജു (30) വിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘത്തില്‍ ഒമ്ബതു പേരാണ് ഉണ്ടായിരുന്നതെന്ന് കുട്ടി പറഞ്ഞു. ഇതില്‍ ഒരാള്‍ മാത്രമായിരുന്നു മലയാളം സംസാരിക്കുന്നത്. ബാക്കിയെല്ലാവരും തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.
തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയ ആഷികിനെ പാറശാലയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടു പോകവെ കാറില്‍വെച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കിയതായി ആഷിക് പറഞ്ഞതായി അമ്മ പറഞ്ഞു. ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
സംഘം മൂന്ന് ദിവസം മുമ്ബ് കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. കാറിലായിരുന്നു കുട്ടിയുടെ വീടിന് സമീപത്ത് സംഘം കറങ്ങിയത്. തമിഴ് നാട് സ്വദേശിയുടെ വാടകയ്‌ക്കെടുത്ത കാറാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ബിജുവും മറ്റൊരാളും പരിസരം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. താന്‍ വാടക ഗുണ്ടയാണെന്നും സംഘത്തിലെ മറ്റാളുകളെ കുറിച്ചുള്ള വിവരങ്ങളും, തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ഉദ്ദേശവും അറിയില്ലെന്നുമാണ് പിടിയിലായ ബിജു പൊലീസിനോട് പറഞ്ഞത്. ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയോടിയത് ഡോക്ടറാണെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.
അതിനിടെ, തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാമ്ബത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും പൊലീസ് പറഞ്ഞു. ബന്ധുവിന്റെ ബി ഫാമിന് പഠിക്കുന്ന മകനാണ് ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. 2019ല്‍ കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതായതോടെയായിരുന്നു ക്വട്ടേഷന്‍ എന്നാണ് വിവരം.