
വള്ളിക്കുന്ന് : 16 വയസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനയാറങ്ങാടി സ്വദേശി തോട്ടത്തില്‍ പുരക്കല്‍ വിനീഷ്‌കുമാറിന്റെ മകള്‍ വേദ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.40 നാണ് സംഭവം. മാതാവ് സുബില ഹരിത കര്‍മസേനാംഗവും പിതാവ് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഇരുവരും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി പിതാവ് വീട്ടിലെത്തിയപ്പോഴാണ് അടച്ചിട്ട മുറിയില്‍ മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ പരിസരവാസികളെ വിളിച്ചു വരുത്തി വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് വേദയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ചേലേമ്പ്ര എന്‍ എന്‍ എം എച്ച് എസ് വിദ്യാര്‍ഥിനിയാണ് വേദ.