അബ്ദുല്‍റഹീമിന്റെ മോചനം ; മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു

റിയാദ് : സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു. മോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ പ്രതിഭാഗം വക്കീല്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം കൊല്ലപ്പെട്ട അനസ് അല്‍ ശഹ്രിയുടെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടതായി കുടുംബ വക്കീല്‍ മുബാറക് അല്‍ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു.

കുടുംബവുമായി കരാറുള്ള ദയാ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നല്‍കാന്‍ സമ്മതം അറിയിച്ചതായും അറിയിച്ച് വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 15 നാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കോടതിയില്‍ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തിന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭ സൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി.

ഇനിയുള്ള ആദ്യ പടി ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ ദയാധനം നല്‍കി മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ അന്തരാവകാശികളും കൊടുക്കാന്‍ തയാറാണെന്ന് പ്രതിഭാഗവും ഒപ്പിവെക്കുന്ന അനുരഞ്ജ കരാര്‍ ഉണ്ടാക്കുകയാണ്. കരാറില്‍ തുക ബാങ്ക് അകൗണ്ട് വഴിയാണോ സര്‍ട്ടിഫൈഡ് ചെക്കായോ എങ്ങനെ നല്‍കണമെന്ന് വിവരിക്കും. അതനുസരിസരിച്ച് ഇന്ത്യന്‍ എംബസി തുക നല്‍കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിനെല്ലാം ശേഷമായിരിക്കും കോടതി നടപടി ക്രമങ്ങള്‍ ആരംഭിക്കുക.

ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന കരാര്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ ചടുലമാക്കാന്‍ റഹീം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തില്‍ റിയാദില്‍ സ്റ്റിയറിങ് കമ്മറ്റി അടിയന്തിര യോഗം ചേര്‍ന്നു. കേസിന്റെ പുരോഗതിയും നാട്ടില്‍ സമാഹരിച്ച തുക സൗദിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ചോദിക്കാന്‍ യോഗം തീരുമാനിച്ചു. പണമായും പ്രാര്‍ത്ഥനയും സമാനതകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ ഒഴുക്കില്‍ റഹീമിന്റെ മോചനമെന്ന ദീര്‍ഘ കാലത്തെ പ്രയത്‌നം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ,മുനീബ് പാഴൂര്‍, സിദ്ധിഖ് തുവ്വൂര്‍,ഹര്‍ഷദ് ഹസ്സന്‍, മോഹി,ഷമീം,നവാസ് വെള്ളിമാട് കുന്ന്, സുധീര്‍ കുമ്മിള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!