ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങി മരിച്ച സംഭവം ; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടേത് ആത്മഹത്യയെന്ന് ഉറപ്പിച്ചെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലരാമപുരം, കാഞ്ഞിരംകുളം സി ഐ മാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും.

ബാലരാമപുരത്തെ അല്‍ അമീന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ അമീന്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കിയിരുന്നു

മകളുടെ ആത്മഹത്യയ്ക്ക് കാരണം അസ്മിയ മോള്‍ താമസിച്ച് പഠിച്ചിരുന്ന മതപഠനകേന്ദ്രത്തിലെ മാനസിക പീഢനമാണോയെന്ന് അന്വേഷിക്കണമെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. മതപഠനകേന്ദ്രത്തിലെ ഉസ്താദും ഒരു അധ്യാപികയും മാനസികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇതിനേക്കുറിച്ച് അന്വേഷിക്കാനാണ് നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തില്‍ ബാലരാമപരും, കാഞ്ഞിരംകുളം ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചത്.

കഴിഞ്ഞ പെരുന്നാളിന് ശേഷം പെണ്‍കുട്ടി സ്ഥാപനത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുട്ടി ഉമ്മയെ വിളിച്ച് ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനുള്ളില്‍ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം മകളെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നു എന്ന വിവരമാണ് അറിയിച്ചത്.

error: Content is protected !!