ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചു ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ചാത്തനാട്ടേക്കുള്ള ബസില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ഥിനിയെ ആന്റണി സെബാസ്റ്റ്യന്‍ ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയിന്മേല്‍ ആണ് നടപടി.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ആന്റണി സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ആന്റണി സെബാസ്റ്റ്യന്‍ സ്ഥിരമായി ഇത്തരത്തില്‍ പെരുമാറാറുണ്ടെന്ന് ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ പറഞ്ഞു.

error: Content is protected !!