കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച ; 300 പവനും ഒരു കോടിരൂപയും മോഷണം പോയി

Copy LinkWhatsAppFacebookTelegramMessengerShare

കണ്ണൂര്‍ : വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി. വളപട്ടണം മന്നയില്‍ അരി മൊത്തവ്യാപാരിയാണ് അഷ്‌റഫ്. മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് വീട്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. അഷ്‌റഫും കുടുംബവും മധുരയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കിടപ്പുമുറിയിലെ അലമാരയിലാണ് ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്ന് താക്കോല്‍ കൈവശപ്പെടുത്തിയാണ് മോഷണം.

മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സംഭവ സ്ഥലത്ത് പരിശോധന ആംഭിച്ചിരിക്കുകയാണ്. മൂന്നുപേര്‍ മതില്‍ചാടി അകത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുന്‍വശത്തെ ക്യാമറയില്‍നിന്നു ലഭിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!