മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത് കടയിലേക്ക് ഇടിച്ചു കയറി, ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ; കേസെടുത്തു

ഹരിപ്പാട് : പല്ലന കെ.വി.ജട്ടി ജങ്ഷനിലുളള മസ്ജിദിന് മുന്നില്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി 9.45 ഓടെയായിരുന്നു അപകടം. തൃക്കുന്നപ്പുഴ എസ്.എന്‍.നഗറില്‍ കപില്‍ വില്ലയില്‍ കപിലിനെതിരെ (27) മദ്യപിച്ച് വാഹനമോടിച്ചതിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാര്‍ ആദ്യം ഇടതു വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി എതിര്‍ദിശയിലേക്ക് തിരിഞ്ഞ് ഇടതുവശത്തെ കടയുടെ ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്ത പള്ളിയില്‍ ഉണ്ടായിരുന്നവരുടേയും സമീപവാസികളുടേയും സമയോചിതമായ ഇടപെടല്‍ മൂലം അപകടങ്ങള്‍ ഒഴിവായി.

പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ഷൗക്കത്തലിയുടെ ഫ്രോസ് വെല്‍ ഫുഡ് കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 11 കെ.വി ലൈന്‍ കടന്നു പോകുന്ന വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞ് റോഡിന് കുറുകെ വീണു. വൈദ്യുതി പോസ്റ്റ് വീണതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം തീരദേശ റോഡില്‍ ഗതാഗതം മുടങ്ങി.

error: Content is protected !!