അങ്കമാലിയില്‍ വീടിനു തീപിടിച്ച് ദമ്പതികളും മക്കളും വെന്തുമരിച്ചു

കൊച്ചി : അങ്കമാലിയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്വിന്‍ (5) എന്നിവരാണ് അഗ്‌നിക്കിരയായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിലാണ് തീപിടിച്ചത്.

താഴത്തെ നിലയില്‍ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. അമ്മയും ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ വലിയ രീതിയില്‍ തീപിടിച്ചതിനാല്‍ തീയണയ്ക്കാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് നായ കുരയ്ക്കുന്നത് കേട്ടതോടെയാണ് അയല്‍വാസികള്‍ ഓടി വന്നത്. പിന്നാലെ തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ അണച്ചപ്പോഴേക്കും ഇവര്‍ വെന്തുമരിച്ചിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ട് സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷമേ കാരണം വ്യക്തമാവുകയുള്ളൂ. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിന്‍ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.

error: Content is protected !!