
തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 184-ാമത് ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി.
മഖാമിൽ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
മലബാറിൽ മത സൗഹാർദ്ദ പാരമ്പര്യം സൃഷ്ടിച്ചെടുക്കുന്നതിൽ നിർണായക സ്വാധീനമായി വർത്തിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങൾ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.
സയ്യിദ് ഹാശിം തങ്ങൾ
എ.പി കോയക്കുട്ടി തങ്ങൾ,
കെ.എം സൈതലവി ഹാജി കോട്ടക്കൽ,
യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി,
സി. യൂസുഫ് ഫൈസി മേൽമുറി, ഹസ്സൻകുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂർ,
സി.കെ മുഹമ്മദ് ഹാജി
കെ.പി ശംസുദ്ദീൻ ഹാജി വെളിമുക്ക്, എ.കെ മൊയ്തീൻ കുട്ടി
പി.ടി അഹ്മദ് ഹാജി
എം.ഇബ്രാഹിം ഹാജി, അബദുശ്ശകൂർ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
രണ്ട് വർഷത്തെ കൊവിഡ് ഇടവേളക്കു ശേഷമുള്ള ആണ്ടുനേർച്ചയായതിനാൽ സന്ദർശനത്തിനും തീർത്ഥാടനത്തിനും കൂടുതൽ അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
ഇന്ന് രാത്രി നടക്കുന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ദീൻ ഹസനി കണ്ണന്തളി നേതൃത്വം വഹിക്കും.
നാളെ മുതൽ ആഗസ്റ്റ് 3 വരെ മതപ്രഭാഷണ പരമ്പര നടക്കും. 4 ന് വ്യാഴാഴ്ച്ച രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്‌ലിസിന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകും. 5 ന് വെള്ളിയാഴ്ച്ച നടക്കുന്ന അനുസ്മരണ സനദ് ദാന ദുആ സദസ്സ് സമസ്ത ജന:സെക്ര പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനാവും. 6 ന് ശനിയാഴ്ച്ച രാവിലെ എട്ട് മണിക്ക് നടക്കുന്ന അന്നദാന ചടങ്ങ് ദാറുൽഹുദാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സോടെ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ആണ്ടുനേർച്ചക്ക് കൊടിയിറങ്ങും.