ദേശാഭിമാനിയില്‍ കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് ; ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടി

നടി കവിയൂര്‍ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍, സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നടപടി. മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയ ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്തു. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ എ.വി അനില്‍കുമാറിനെയാണ് സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കവിയൂര്‍ പൊന്നമ്മ മരിച്ചതിന്റെ പിറ്റേദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് മോഹന്‍ലാലിന്റെ പേരില്‍ അനില്‍കുമാര്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത്. നടന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍, മോഹന്‍ലാലിന്റെ അമ്മ ജീവിച്ചിരിപ്പില്ലെന്ന പരാമര്‍ശവുമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന മാതാവിനെ മരിച്ചതായാണ് ഈ കുറിപ്പില്‍ ചിത്രീകരിച്ചിരുന്നത്.

ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തില്‍ ‘അമ്മ പൊന്നമ്മ’ എന്ന തലക്കെട്ടില്‍ മോഹന്‍ലാല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച അനുസ്മരണ ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ, ‘ രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി, ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു… ‘ എന്ന വരിയായിരുന്നു വലിയ തെറ്റ്. മോഹന്‍ലാലിന്റെ സ്വന്തം അമ്മയെ പരേതയാക്കിയ ദേശാഭിമാനി ലേഖനത്തിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം നിറഞ്ഞു. ഇതോടെ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു.

എവിടെയാണ് പിഴവെന്നോ എന്താണ് പിഴവെന്നോ പറയാതെ, അഞ്ചാം പേജിലെ വലതുമൂലയില്‍ ഇന്നലെ പത്രാധിപരുടെ ഖേദപ്രകടനം പ്രസിദ്ധീകരിച്ചു. ഗുരുതര പിശകുളള അനുസ്മരണ കുറിപ്പിന് പിന്നില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത് കണ്ണൂര്‍ യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ അനില്‍ കുമാറിനെയാണ്. സ്വന്തമായി എഴുതിയ ലേഖനം മോഹന്‍ലാലിന്റെ പേരില്‍, നടന്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു, അതിലാകട്ടെ സാരമായ തെറ്റും വന്നു. ഇല്ലാക്കഥകള്‍ പറയുന്നുവെന്ന് മാധ്യമങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നതിനിടെ, മോഹന്‍ലാലിന്റെ പേരിലെ വ്യാജലേഖനം പാര്‍ട്ടി മുഖപത്രത്തിന് ചീത്തപ്പേരായി. സത്യം സാമൂഹിക മാധ്യമങ്ങള്‍ തുറന്നുകാട്ടിയപ്പോഴാണ് നടപടിയുണ്ടായത്. ഇഎംഎസിന്റെ ജീവചരിത്രമുള്‍പ്പെടെ എഴുതിയ ന്യൂസ് എഡിറ്ററെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ന്യൂസ് എഡിറ്റര്‍ക്കെതിരെ പാര്‍ട്ടി തലത്തിലും നടപടി വന്നേക്കും.

error: Content is protected !!