ഛത്തീസ്ഗഡ് : ബസ്തറില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ റോഡ് കരാറുകാരന്‍ പിടിയില്‍. റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിനെ ഹൈദരബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം റോഡ് കോണ്‍ട്രാക്ടറായ ഛട്ടന്‍ പാറയിലെ സുരേഷിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്ന് 33 കാരനായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ യുവ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ കരാറുകാരന്‍ സഹോദരന്‍മാര്‍ പിടിയിലായിരുന്നു. ഇന്നാണ് സുരേഷ് ചന്ദ്രാകറിനെ പിടികൂടിയത്. ഡിസംബര്‍ 25 പ്രസിദ്ധീകരിച്ച വാര്‍ത്തയേ തുടര്‍ന്ന് ബിജാപൂരിലെ റോഡ് നിര്‍മ്മാണത്തിലെ തകരാറിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചതിലെ പക മൂലമാണ് കൊലപാതകമെന്നാണ് ലഭ്യമാകുന്ന വിവരം.
ജനുവരി 1നായിരുന്നു മുകേഷ് ചന്ദ്രക്കറിനെ കാണാതായത്. മുകേഷിനെ കാണാതായി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുകേഷിന്റെ മൊബൈല്‍ ഫോണ്‍ ടവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തല, വയറ്, നെഞ്ച്, ശരീരത്തിന് പുറത്തും മര്‍ദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
കോണ്‍ക്രീറ്റ് ഉപയോഗിച്ച് പുതിയതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്കുണ്ടായിരുന്നു. ഒന്നിലധികം മുറിവുകളോട് സെപ്റ്റിക് ടാങ്കിലെ വെള്ളത്തില്‍ കിടന്നു ചീര്‍ത്ത നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയാണ് മൃതദേഹം മാധ്യമപ്രവര്‍ത്തകന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കരാറുകാരന്റെ സഹോദരന്മാര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.
എന്‍ഡി ടിവിക്ക് വേണ്ടിയും മറ്റ് സ്വകാര്യ ചാനലുകള്‍ക്കുമായി ബസ്തറില്‍ നിന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്ന മുകേഷിന്റെ യുട്യൂബ് ചാനല്‍ ലക്ഷക്കണക്കിന് പേരാണ് പിന്തുടരുന്നത്. 2021ല്‍ മാവോയിസ്റ്റ് പിടിയിലായ കമാന്‍ഡോ രാകേഷ്വാര്‍ സിംഗിന്റെ മോചനത്തില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍.