മുന്നിയൂരിൽ വീടുപൂട്ടി പുറത്തു പോയ സമയത്ത് പണവും സ്വർണവും കവർന്ന കേസിൽ ബന്ധു പിടിയിൽ

തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ മുഹമ്മദ്ക് സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന പ്രതി പോലീസ് പിടിയിൽ. സലീമിന്റെ ജ്യേഷ്ഠ മകനും അയൽവാസിയുമായ പത്തൂർ ആദിൽ (25) ആണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം മമ്പുറത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പോലീസിൽ പരാതി
നൽകുകയായിരുന്നു.

പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. വീട്ടിൽ കളവ് നടന്നതായുള്ള ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിലുള്ളവരോ വീട്ടിൽ സ്ഥിരമായി വരാൻ സാധതയുള്ളവരോ ആയിരിക്കാം കളവ് നടത്തിയതെന്ന പോലീസിന്റെ നിഗമനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. വീട്ടിലെ പറമ്പിൽനിന്നും കുഴിച്ചിട്ടിരുന്ന സ്വർണ്ണമാലയും വീടിനകത്ത് ബാഗിൽ വെച്ച പാദസരവും ഇയാൾ എടുത്ത് നൽകി.

സ്റ്റയർ കെയ്സിന് അടിയിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കവർന്നത്. വീട്ടുകാർ വീട് പൂട്ടി പോയപ്പോൾ ആണ് അന്നും പണം കവർന്നത്. വെള്ളിയാഴ്ച സ്വർണവും അടുക്കളയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപയുമാണ് കവർന്നത്. എന്നാൽ ശനിയാഴ്ച യാണ് മോഷണ വിവരം അറിഞ്ഞത്. ചെന്നൈ യിൽ ഉള്ള സലീം പുതിയ വ്യാപാരത്തിന് പണം സൂക്ഷിച്ചു വെച്ചിരുന്നതായി ആദിൽ മനസ്സിലാക്കിയിരുന്നു. താക്കോൽ ഏൽപ്പിച്ച ബന്ധുവിന്റെ വീട്ടിലെത്തി അവർ അറിയാതെ താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം നടത്തിയത്.

മോഷ്ടിച്ച 11,70,000 രൂപ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. അതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

തിരൂരങ്ങാടി ഇൻസ്പെക്ടർ കെ.ടി ശ്രീനിവാസന്റെ നേതൃത്വത്തിൽ എസ്.ഐ. സുജിത് എൻ ആർ, എസ്ഐ രഞ്ജിത്, എഎസ്ഐ സതീശൻ, സി.പി.ഒ ഫാരിസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!