ചേലേമ്പ്ര : ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാന തലത്തിലടക്കം നിരവധി നീന്തൽ പ്രതിഭകളെ സൃഷ്ടിക്കുകയും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകൾ നേടിയെടുക്കുകയും ചെയ്ത ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ്ങ് അക്കാദമി 2024 ൽ നീന്തലിൽ ഒരു പുതിയ ചരിത്രം കൂടി രചിച്ചിരിക്കുന്നു.
മലപ്പുറം ജില്ലയിലെ വാഴയൂർ കയത്തിൽ 6 വയസ്സുകാരി നൈന മെഹക് ഒരു കിലോമീറ്ററും 100 മീറ്ററും തുടർച്ചയായി നീന്തി കയറിയപ്പോൾ പിറന്നത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം. 250 മീറ്റർ നീളം വരുന്ന വാഴയൂർ കയത്തിൽ ഒരു റൗണ്ട് ( 500 മീറ്റർ) നീന്തുക എന്ന ലക്ഷ്യത്തോടെ സ്വിംഫിൻ സ്വിമ്മിങ് അക്കാദമി താരം 6 വയസ്സുകാരി നൈന മെഹക് വൈകുന്നേരം 4.30 ന് കയത്തിൽ നീന്തൽ ആരംഭിക്കുമ്പോൾ കയത്തിന് ചുറ്റും കൂടിയ ജനസഞ്ചയം കൈയടിച്ചും ആർപ്പുവിളികളോടെയും കൊച്ചു നൈന മെഹകിനെ പ്രോത്സാഹിപ്പിച്ചത് ഒരു റൗണ്ട് നീന്തൽ പൂർത്തിയാക്കാനായാണ്. എന്നാൽ കാഴ്ചക്കാരെ അമ്പരപ്പിച്ച് കൊണ്ട് പരിശീലകൻ ഹാഷിർ ചേലൂപ്പാടത്തിന്റെ കഴിയുമെങ്കിൽ നീന്താം എന്ന നിർദ്ദേശത്തിൽ കൊച്ച് താരം ഒരു തവണ കൂടി കയം നീളത്തിൽ നീന്തിയപ്പോൾ ജനം വിസ്മയത്തോടെ അത്യാഹ്ളാദത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും കൊച്ചു നൈനക് 1000 മീറ്ററും 100 മീറ്റും നീന്തി റെക്കോർഡ് ജയം കൈവരിക്കുകയും ചെയ്തു.
നീന്തൽ യജ്ഞം വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. അക്കാദമി കൺവീനർ സുരേഷ് വി സ്വാഗതം പറഞ്ഞ യോഗത്തിൽ ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഹഫ്സത് ബീവി അധ്യക്ഷത വഹിച്ചു. വാഴയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ . പ്രസീദ തേക്കും തോട്ടത്തിൽ, ഗ്രാമ പഞ്ചായത്ത് അംഗം ജമീല കെ , വാഴയൂർ കയം സംരക്ഷണ സമിതി അംഗങ്ങളായ മുഹമ്മദ് കുട്ടി,അബു മാസ്റ്റർ, അപ്പു, ശ്രീധരൻ, കുഞ്ഞാൻ.ജലീൽ, അൻസാർ. സ്വിം ഫിൻ സ്വിമ്മിങ്ങ് അക്കാദമി അംഗങ്ങളായ സി. പി. ഷബീറലി, ശ്രീഹരി കെ. ആർ, ഫൈസൽ മാസ്റ്റർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അക്കാദമി പരിശീലകൻ ഹാഷിർ ചേലൂപ്പാടം നന്ദി പ്രകാശിപ്പിച്ചു. മലപ്പുറം ജില്ലാ ട്രോമ കെയർ വാഴക്കാട് സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും സഹ പരിശീലക അശ്വനി പി. യും നൈനക്ക് സംരക്ഷണമൊരുക്കി കൂടെ നീന്തി.
തടിച്ചു കൂടിയ നാട്ടുകാരെയും അക്കാദമി താരങ്ങളെയും, വാഴയൂർ കയം സംരക്ഷണ സമിതി പ്രവർത്തകരെയും, ട്രോമാകെയർ വളണ്ടിയർമാർ , രക്ഷിതാക്കൾ തുടങ്ങിയവരെ ആവേശഭരിതരാക്കി നൈന മെഹക് നീന്തിയപ്പോൾ അവസാന 300 മീറ്റർ കുട്ടിക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനായി നൈനയുടെ സഹോദരി ഫെല്ല ഫാത്തിമയും കൂടെ നീന്തി.
ചേലേമ്പ്ര കാട്ടുകുഴിങ്ങര കെ. പി. ഹൗസിൽ
ജമ്‌നാസ് ബാബു, ഷംന ദമ്പതിമാരുടെ മകളാണ് നൈന മെഹക് .
സിംഫിൻ സ്വിമ്മിങ്ങ് അക്കാദമി കോച്ച് ഹാഷിർ ചേലൂപ്പാടത്തിന്റെയും സഹ പരിശീലക അശ്വനി പി. യുടെയും പരിശീലനത്തിലാണ് നൈന മെഹക് നീന്തൽ അഭ്യസിച്ചു കൊണ്ടിരിക്കുന്നത്.
7 മണിക്കൂറിലധികം സമയം തുടർച്ചയായി നീന്തിയുള്ള ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, മൂന്ന് വയസുകാരിയുടെ വെള്ളത്തിൽ പൊങ്ങിക്കിടന്നുകൊണ്ടുള്ള പ്രകടനം, ഒൻപത് വയസുകാരന്റെ കൈകാൽ കെട്ടിക്കൊണ്ട് രണ്ടു മണിക്കൂർ വെള്ളത്തിൽ പൊങ്ങിക്കിടന്നുള്ള പ്രകടനം, 13-ാളം കുട്ടികൾ ചാലിയാർ പുഴ കുറുകെ നീന്തിയത്, കാലുകൾ ബന്ധിച്ച് 13 വയസ്സുകാരൻ വാഴയുർ മൂളപ്പുറം കടവിൽ ചാലിയാറിന് കുറുകെ നീന്തിയത്, കോഴിക്കോട് – മലപ്പുറം ജില്ലകളിൽ ആദ്യമായി ഒലിപ്രം പുഴയിൽ നടത്തിയ ഓപ്പൺ വാട്ടർ സ്വിമ്മിംഗ് തുടങ്ങി നിരവധി നേട്ടങ്ങൾ കൊയ്തെടുത്ത സ്വിംഫിൻ സ്വിമ്മിംഗ് അക്കാദമി കോച്ച് ഹാഷിർ ചേലൂ പാടത്തിന്റെ നേത്യത്വത്തിൽ 1000 ത്തിൽ അധികം കുട്ടികളെ ഇതിനകം നീന്തൽ പരിശീലിപ്പിച്ചു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിൽ ഇടിമുഴിക്കലിൽ ഉളള പരിമിതികൾ ഏറെയുള്ള പള്ളിക്കുളത്തിൽ കോച്ച് ഹാഷിർ ചേലൂപ്പാടത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ അക്കാദമി നിലവിൽ മലപ്പുറം ജില്ല നീന്തൽ ചാമ്പ്യൻമാരാണ്. അക്കാദമി താരങ്ങൾ സംസ്ഥാന നീന്തൽ മത്സരത്തിലും മിന്നും പ്രകടനം കാഴ്ച വച്ചു.