മാന്യമായി ഇടപെടണം ; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലില്‍ മഞ്ചേരി സിഐക്ക് നിര്‍ദേശം

മലപ്പുറം : പൊതുപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിക്കുമ്പോഴും നേരില്‍ കാണുമ്പോഴും വളരെ നല്ല രീതിയില്‍ ഇടപെണമെന്നും സംഭാഷണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പൊതു പ്രവര്‍ത്തകനായ റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

പൊതു വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ അലവി തെറിവിളിച്ചെന്നും ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടത്.

പൊതുപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണനയും അംഗീകാരവും നല്‍കണമെന്നും അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും സി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് നടപടികളുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യത്തിന് നിയമപരമായ പിന്‍ബലമില്ലെങ്കില്‍ മാന്യമായി അക്കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

error: Content is protected !!