
കാസർകോട്: കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണന്‍ – പ്രസന്ന ദമ്പതികളുടെ മകള്‍ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള 14 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേര്‍കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയില്‍ എത്തി.
തുടര്‍ന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായതെന്ന് കണ്ടെത്തിയത്.