
പാലക്കാട് : കണ്ണംകുണ്ട് വെള്ളയാര്‍ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കണ്ണം കണ്ടിലെ ഏലംകുളവന്‍ യൂസഫിന്റെ മകന്‍ സാബിത്ത് (26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സാബിത്ത് കണ്ണംകുണ്ട് കോസ്വേയില്‍ നിന്നും പുഴയില്‍ വീണത്. കോസ്വേയില്‍ തങ്ങിയ മാലിന്യം സുഹൃത്തുക്കളോടൊപ്പം നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒഴുകി പോകുന്നത് കണ്ടതോടെ നാട്ടുകാരും സുഹൃത്തുക്കളും പുഴയിലേക്കു ചാടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാത്രി തിരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ നാട്ടുകാര്‍, അഗ്‌നിരക്ഷാസേന, സ്‌കൂബ ടീം എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കടൂര്‍പടി ഭാഗത്ത് പുഴയുടെ അടിയില്‍ മരത്തില്‍ തങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മാതാവ് സാബിറ. സഹോദരങ്ങള്‍ സുല്‍ഫത്ത്, ഷിഫാനത്ത്, ദാനിഷ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.