തിരുവനന്തപുരം: ഉത്സവപ്പറമ്പില്‍ നാടന്‍പാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിതുര ചേന്നം പാറ കെഎംസിഎം സ്‌കൂളിനു സമീപം സജികുമാര്‍(44) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വന്ന സജികുമാര്‍ സംഭവത്തിനു ശേഷം നെയ്യാര്‍ഡാമിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാളെ മംഗലപുരം വഴി വിദേശത്തേക്കു പോകാന്‍ നില്‍ക്കുകയായിരുന്നു.
ഇതോടെ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സജികുമാറിനെ കൂടാതെ വിതുര ചാരുപാറ ഗൗരി സദനം വീട്ടില്‍ രഞ്ജിത്ത് (35), ഇടിഞ്ഞാര്‍ ഇടവം റാണി ഭവനില്‍ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടില്‍ സനല്‍കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പില്‍ വീട്ടില്‍ അഖിലി (29)നെയാണ് ആറോളം പേര്‍ ചേര്‍ന്ന് അക്രമിക്കുകയും തുടര്‍ന്ന് കുത്തിപ്പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ഇടവം ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാടന്‍ പാട്ട് നടന്നിരുന്നു. ഇതിനിടെ അഖില്‍ ഡാന്‍സ് കളിച്ചതും നാടന്‍പാട്ട് വിഡിയോയില്‍ പകര്‍ത്തിയതും പ്രതികള്‍ വിലക്കിയിട്ടും തുടര്‍ന്നതിനാല്‍ അഖിലിനെ കൊണ്ടുപോയി സമീപത്തെ റബര്‍ തോട്ടത്തില്‍ വച്ചു കത്തി ഉപയോഗിച്ചു പലതവണ കുത്തി പരുക്കേല്‍പ്പിച്ചുവെന്നതാണ് കേസ്.
ഡിവൈഎസ്പി വര്‍ട്ട് കീലര്‍, പാലോട് എസ്എച്ച്ഒ പി. ഷാജിമോന്‍, ഇന്‍സ്‌പെക്ടര്‍ നിസാറുദ്ദീന്‍, അല്‍അമാന്‍, വിനീത്, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.