വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍ ; പിടിയിലായത് അയല്‍വാസി, പ്രതി മുമ്പും മോഷണം നടത്തി

കണ്ണൂര്‍: വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്‌റഫിന്റെ അയല്‍വാസിയായ ലിജീഷ് ആണ് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിനം വീണ്ടും ലിജീഷ് എത്തിയത് സ്വര്‍ണ്ണവും ബാക്കിയുള്ള പണവും എടുക്കാനായിരുന്നുവെന്നും പൊലീസിന് മൊഴി നല്‍കി. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടന്നത്. ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലീജിഷ് ആണെന്ന് വ്യക്തമായത്.ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു.

മൂന്നുമാസം മുമ്പ് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനല്‍ ഇളക്കിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ മോഷണം നടത്തിയതും ജനല്‍ ഗ്രില്‍ ഇളക്കിയായിരുന്നു. കീച്ചേരിയില്‍ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. വളപട്ടണത്തെ മോഷണ കേസില്‍ ലിജീഷ് പിടിയിലായതിന്റെ ആശ്ചര്യത്തിലാണ് നാട്ടുകാര്‍. കണ്ടാല്‍ സാധുവായ ആരുമായും പ്രശ്‌നത്തിന് പോകാത്തയൊരാള്‍ ഇത്രവലിയ മോഷണ കേസില്‍ അറസ്റ്റിലായതിന്റെ ആശ്ചര്യമുണ്ടെന്നും അടുത്തറിയുന്നവര്‍ക്ക് ചിലപ്പോള്‍ അയാളുടെ യഥാര്‍ഥ സ്വഭാവം അറിയുമായിരിന്നിരിക്കാമെന്നും നാട്ടുകാര്‍ പറഞ്ഞു.

error: Content is protected !!