
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സിനിമാ സ്വപ്നങ്ങളുമായി മുംബൈയിലെത്തുന്ന യുവതികളെ വശീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റില്‍. ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) അറസറ്റിലായത്. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമകളിലും സജീവമായ രണ്ട് യുവ നടികളെയാണ് പൊലീസ് ഇവരുടെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
രഹസ്യ വിവരത്തേത്തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസുകാര്‍ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. മുംബൈ അഹമ്മദാബാദ് ദേശീയപാതയിലെ കശ്മീര മാളില്‍ ഇടപാടുകാരെ കാണാനായി ബുധനാഴ്ചയെത്തിയപ്പോഴാണ് യുവ നടി കുടുങ്ങിയത്. യുവതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് യുവനടികളെ രക്ഷിക്കാന്‍ സാധിച്ചതെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് മദന്‍ ബല്ലാല്‍ വിശദമാക്കുന്നത്.
മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് 41കാരിയായ നടിയെ അറസ്റ്റ് ചെയ്തത്. അനാശാസ്യ പ്രവര്‍ത്തനത്തിനുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സെക്‌സ് റാക്കറ്റില്‍ നിന്ന് രക്ഷിച്ച സ്ത്രീകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും അനാശാസ്യ കേന്ദ്രവുമായി ബന്ധമുള്ള എല്ലാവരെയും പിടികൂടുമെന്നും പൊലീസ് വിശദമാക്കി.