പരാതികൾക്ക് പരിഹാരം കണ്ട് ‘കരുതലും കൈത്താങ്ങും’ അദാലത്തുകൾ സമാപിച്ചു

വെള്ളക്കരം കുടിശ്ശിക, ഭൂനികുതി അടയ്ക്കാന്‍ സാധിക്കാത്തത് തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പരിഹാരം ലഭിക്കാതെ പോയ പ്രശ്‌നങ്ങളും പരാതികളുമായി എത്തിയവര്‍ക്കു മുന്നില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉടനടി നടപടികളുമായി സജീവമായപ്പോള്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന അദാലത്തില്‍ ഒട്ടേറെപ്പേരുടെ ആധികള്‍ക്ക് വിരാമമായി. പരാതിക്കാരുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തും ആശ്വാസവാക്കുകള്‍ ചൊല്ലിയും മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ സജീവമായപ്പോള്‍ അദാലത്ത് സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ സാക്ഷ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിലെ മലപ്പുറം ജില്ലയിലെ അവസാനത്തെ അദാലത്താണ് വെള്ളിയാഴ്ച കൊണ്ടോട്ടിയില്‍ നടന്നത്.

മെയ് 15ന് ഏറനാട്, 16ന് നിലമ്പൂർ, 18ന് പെരിന്തൽമണ്ണ, 22ന് തിരൂർ, 23ന് പൊന്നാനി, 25ന് തിരൂരങ്ങാടി, 26ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ അദാലത്തുകൾ സംഘടിപ്പിച്ചത്. പെരിന്തൽമണ്ണ താലൂക്ക്തല അദാലത്തില്‍ മന്ത്രി ആന്റണി രാജുവും പങ്കെടുത്തു.

ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഓരോ അദാലത്തുകളും സ്വീകരിച്ചത്. സാധ്യമാവുന്ന പരാതികളെല്ലാം ഉടൻ പരിഹരിച്ചു. ശേഷിക്കുന്നവയിൽ 10 ദിവസത്തിനകം പരിഹാരം കാണാൻ വകുപ്പുകള്‍ നിർദേശം നൽകിയിട്ടുണ്ട്. അദാലത്തിന്റെ പരിഗണനാ വിഷയമല്ലാത്തവയിൽ മാത്രമാണ് പരിഹാരം കാണാൻ കഴിയാതിരുന്നത്.

അദാലത്തിന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരുന്നത്. ജില്ലാ കളക്ടർ, ജില്ലാ വികസന കമ്മീഷണർ, സബ് കളക്ടർമാർ, അസിസ്റ്റന്റ് കളക്ടർ, എ.ഡി.എം, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര കൗണ്ടറുകളും ഇവ കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകളും അപേക്ഷകരുടെ പരാതികൾ പരിഗണിക്കുന്നതിനായി ഒരുക്കിയിരുന്നു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരും പ്രത്യേകമായി ഒരുക്കിയ കൗണ്ടറുകളിൽ അണിനിരന്നു. ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക കൗണ്ടറും സജ്ജമാക്കിയിരുന്നു.

error: Content is protected !!