കൊണ്ടോട്ടി: ആദായ വില്പന ശാലയിൽ ജനം ഇരച്ചെത്തിയതിന് പിന്നാലെ സംഘർഷം . ഒരു രൂപക്ക് വാഷിംഗ് മെഷീനും കുക്കറും നൽകുന്നുണ്ടെന്ന് കൊണ്ടോട്ടിയിലെ ആദായ വില്പനശാല നൽകിയ പരസ്യത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത് . ഇന്ന് രാവിലെയായിരുന്നു സംഭവം . കൊണ്ടോട്ടി ബൈപാസ് റോഡിൽ താത്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന ‘ ഏതെടുത്താലും 200 രൂപ മാത്രം ‘ എന്ന പേരിൽ പത്ത് രൂപ മുതൽ 200 രൂപ വരെയുള്ള ഗൃഹോപകരണ വിൽപന ശാലയിലാണ് സംഘർഷമുണ്ടായത് . സ്ഥാപന ഉടമകൾ ഇന്നലെ പത്രത്തിലൂടെയും മറ്റുമായും വിതരണം ചെയ്ത നോട്ടീസിൽ ഒന്നാം തിയതി മുതൽ ഒരു രൂപക്ക് വാഷിംഗ് മെഷിൻ , ഗ്യാസ് സ്റ്റൗ , മിക്സി , ഓവൻ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകുമെന്ന് പറഞ്ഞിരുന്നു . എന്നാൽ നോട്ടീസിൽ നിബന്ധനകൾക്ക് വിധേയമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു .ഇത് മനസ്സിലാക്കാതെ എത്തിയ ആൾക്കാരാണ് സ്ഥാപനത്തിൽ സംഘർഷം സൃഷ്ടിച്ചത് . നോട്ടീസ് വായിച്ച് സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഇന്നലെ സ്ഥാപനം തുറക്കുന്നതിന് മുമ്ബ് തന്നെ എത്തിയിരുന്നു .
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz
11 മണിയായപ്പോഴേക്ക് കൂടുതൽ പേർ സ്ഥാപനത്തിലെത്തി . ഒരു രൂപക്ക് സാധനങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആൾകൂട്ടം എത്തിയിരുന്നത് . ഒരു രൂപക്ക് സാധനങ്ങൾ ആവശ്യപ്പെട്ട ഉപഭോക്കാളോട് നിബന്ധനക്ക് വിധേയമാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഇത് സമ്മതിച്ചില്ല . ഇതോടെ വാക്കേറ്റവും സംഘർഷവുമായി ചിലർ ചെരുപ്പുകൾ ഉൾപ്പടെ ഏതാനും വസ്തുക്കൾ അപഹരിക്കുകയും ചെയ്തു . സംഘർഷം രൂക്ഷമായതോടെ സ്ഥാപന ഉടമകൾ പോലീസിൽ വിവരമറിച്ചു . പൊലീസെത്തി സംഘർഷക്കാരെ വിരട്ടി ഓടിച്ചു . വിൽപന നിർത്തി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു . നറുക്കെടുപ്പും ഓഫറുകളും ഒഴിവാക്കാൻ പൊലീസ് നിർദ്ദേശം നൽകി .