ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടകനായി ക്ഷണിച്ച് മുന്നറിയിപ്പ് തരാതെ ഒഴിവാക്കി ; പ്രതിഷേധമറിയിച്ച് സംവിധായകന്‍ ജിയോ ബേബി, വിശദീകരണവുമായി കോളേജ്

തിരൂരങ്ങാടി : ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബിന്റെ പരിപാടിയിലേക്ക് ഉദ്ഘാടകനായി ക്ഷണിച്ച ശേഷം മുന്‍കൂട്ടി അറിയിക്കാതെ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ജിയോബേബി. ഫിലിം ക്ലബിന്റെ പരിപാടിക്കായി ക്ഷണിച്ച് വരുത്തി അവസാന നിമിഷം പരിപാടി ഒഴിവാക്കി ഫാറൂഖ് കോളേജ് തന്നെ അപമാനിച്ചുവെന്ന് സംവിധായകന്‍ ജിയോ ബേബി ആരോപിച്ചു. അതേസമയം ജിയോ ബേബിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഫാറൂഖ് കോളേജ്. ഉദ്ഘാടന വിവരം അറിഞ്ഞ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിയുമായി സഹകരിക്കില്ലെന്നും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചു. അതിഥിക്ക് പ്രയാസമുണ്ടാക്കുന്നതിനേക്കാള്‍, അഭികാമ്യം പരിപാടി തത്കാലത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതമെന്ന നിലയിലാണ് പരിപാടി മാറ്റിവെച്ചതെന്നാണ് വിശദീകരണം.

അതേസമയം തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിശദീകരണമാണ് ലഭിച്ചതെന്നും ജിയോ ബേബി പറഞ്ഞിരുന്നു. ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബിന്റെ പരിപാടിയിലേക്ക് ഉദ്ഘാടകനായി ക്ഷണിച്ച ശേഷം മുന്‍കൂട്ടി അറിയിക്കാതെ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കില്ലെന്ന് ഫാറൂഖ് കോളേജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു കത്ത് ലഭിച്ചെന്നും ജിയോ ബേബി പറഞ്ഞു.

അതേസമയം, ജിയോ ബേബിയെ ക്ഷണിച്ച പരിപാടി റദ്ദാക്കേണ്ടിവന്ന പശ്ചാത്തലത്തില്‍ ഫിലിം ക്ലബ് കോഡിനേറ്റര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുന്നതായി അധ്യാപകന്‍ അറിയിച്ചു. തങ്ങള്‍ ഉദ്ദേശിക്കുന്ന സിനിമാ പ്രവര്‍ത്തനത്തിനോ ആസ്വാദനത്തിനോ ക്യാമ്പസ് വളര്‍ന്നിട്ടില്ല എന്നത് സങ്കടകരമെന്നും അധ്യാപകന്‍ ചൂണ്ടിക്കാട്ടി.

error: Content is protected !!