സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു

കോഴിക്കോട് : സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കെട്ടിടത്തിലെ തൂണില്‍നിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കടയുടമയും നാട്ടുകാരും റിജാസിന്റെ കുടുംബവും ആരോപിച്ചു.

ഇന്നലെ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് റിജാസ് ഷോക്കേറ്റ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടര്‍ന്ന് റിജാസ് കടയുടെ മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു.

കടയിലെ തൂണില്‍ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയില്‍ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരന്‍ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല. യുവാവ് മരിച്ചതിന് ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പി.മുഹമ്മദ് പറഞ്ഞു.

കടക്കു മുകളില്‍ മരത്തില്‍ തട്ടി നില്‍ക്കുന്ന വൈദുതി ലൈനാണ് തൂണില്‍നിന്നും ഷോക്കേല്‍ക്കാനുള്ള കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു മുന്‍പും ഷോക്കേല്‍ക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അത് റജിസ്റ്റര്‍ ചെയ്യുകയല്ലാതെ പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

error: Content is protected !!