
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 242 പേരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിതയും വിമാനത്തിലുണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്. ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍േ്രേടാളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്‌നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും മരിച്ചു.
വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്നു അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. ഉച്ചയൂണിന്റെ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്‌സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.