
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു.
കുഞ്ഞിന്റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അധികാരികളെ ആശങ്കയിലാക്കുന്നത്. കിണര്‍ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് സമീപപ്രദേശങ്ങളിലെ കിണറുകള്‍ ശുചീകരിക്കാനും അണുവിമുക്തമാക്കാനുമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതോടൊപ്പം രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ ഒരു യുവാവും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വെള്ളത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് എന്‍കെഫലൈറ്റിസ്) ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗമുണ്ടാവുന്നത്. മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. ഈ രോഗത്തിന് മരണനിരക്ക് വരെ കൂടുതലാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ 5-10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളില്‍ ഇതിന് പുറമെ ഭക്ഷണം കഴിക്കാനും കളിക്കാനുമുള്ള മടി, അനങ്ങാതെ കിടക്കുക എന്നിവയും കാണാം. ഓര്‍മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവ രോഗം ഗുരുതരമാവുന്നതിന്റെ സൂചനകളാണ്. പനിയുമായി ഡോക്ടറെ കാണുന്നവര്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ആ വിവരം ഡോക്ടറെ അറിയിക്കണം.
ഈ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ ഒന്‍പതു വയസ്സുകാരി മരിച്ചിരുന്നു. ഈ കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാമ്പിളുകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ പരിശോധനകള്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്നുണ്ട്. ജലത്തിലൂടെ പകരുന്നതും വളരെ വേഗത്തില്‍ ജീവന് ഭീഷണിയാകുന്നതുമായ ഈ രോഗം പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രോഗത്തെക്കുറിച്ചും അത് തടയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ വ്യക്തമാക്കുന്നു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക.
നീന്തുന്നവര്‍ മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും ഒഴിവാക്കുക.
മൂക്കിലോ ചെവിയിലോ ഓപറേഷന്‍ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും എവിടെയും മുങ്ങിക്കുളിക്കരുത്.
കിണര്‍ വെള്ളം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക.
നീന്തല്‍ കുളങ്ങളിലെ വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ പൂര്‍ണമായും ഒഴുക്കിക്കളയുക.
സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. പ്രതലങ്ങള്‍ നന്നായി ഉണങ്ങാന്‍ അനുവദിക്കുക.
ഫില്‍റ്ററുകള്‍ വൃത്തിയാക്കിയ ശേഷം വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യുക.
കിണറും നീന്തല്‍ക്കുളവും ക്ലോറിനേറ്റ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കും.