റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറയുന്നതിനിടെ ജനപ്രതിനിധിയും നാട്ടുകാരും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റം. കൊടിഞ്ഞി തിരുത്തിയിലാണ് സംഭവം. വലിയ ലോറിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനാൽ റോഡ് തകരുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഒരു വിഭാഗം നാട്ടുകാരും, പ്രദേശത്തുകാരൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചുവും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. വർഷങ്ങൾക്ക് മുമ്പ് തോട്ടിലെ മണ്ണ് നീക്കം ചെയ്ത് തിരുത്തിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്നു. ഇവ കൊണ്ടു പോകുന്നതിന് കലക്റ്ററുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ലോറിയിൽ ഇവ നീക്കം ചെയ്ത് തുടങ്ങിയിരുന്നു. വലിയ ലോറിയിൽ മണ്ണ് കൊണ്ടുപോകുന്നത് കാരണം റോഡ് തകരുന്നത് ഒരു വിഭാഗം നാട്ടുകാർ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി. തിരുത്തി സ്കൂളിൽ സാക്ഷരത മിഷൻ നടത്തുന്ന മികവ് പരീക്ഷ ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന ബ്ലോക്ക് പ്രസിഡന്റ് കെ.ടി. സാജിതയോട് നാട്ടുകാർ വിഷയം സംസാരിച്ചു. പ്രശ്നം നേരിൽ ബോധ്യപ്പെടുന്നതിന് അവരോട് ഇറങ്ങി സ്ഥലം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പ്രസിഡന്റ് സാജിതയും ഇവരോടൊപ്പം ഉണ്ടായിരുന്ന ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചുവും, ബ്ലോക്ക് അംഗം പി.പി.അനിതയും ഇറങ്ങി. ഇതിനിടെ തകർന്ന റോഡ് എന്നു നന്നാക്കുമെന്നു പറയണമെന്ന് നാട്ടുകാരിൽ പെട്ട ഒരാൾ ഒടിയിൽ പീച്ചുവിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് റോഡ് ആയതിനാലും ഫണ്ട് എപ്പോൾ കിട്ടുമെന്ന് അറിയാത്തതിനാലും എന്ന് നന്നാക്കുമെന്നത് സംബന്ധിച്ച് കൃത്യമായി അറിയാതെ പറയാൻ കഴിയില്ലെന്ന് ഇദ്ദേഹം മറുപടി നൽകി. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. ബ്ലോക്ക് പ്രസിഡന്റും മുതിർന്ന ആളുകളും ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് പീച്ചു ആരോപിച്ചു. എന്നാൽ അങ്ങനെ കയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും റോഡ് തകരുന്നത് സംബന്ധിച്ച് പരാതി പറഞ്ഞപ്പോൾ വൈസ് പ്രസിഡന്റ് പ്രകോപിതൻ ആയതാണെന്നും നാട്ടുകാർ പറഞ്ഞു.

തിരുത്തി പ്രദേശത്തുകർക്ക് പാലം വഴി പുറത്തേക്ക് പോകാനുള്ള റോഡണിത്. വലിയ ലോറി പോകുന്നതിനാൽ റോഡിന്റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. കുടിവെള്ള പദ്ധതിക്ക് പൈപ് ഇടാനായി നേരത്തെ റോഡ് കീറിയിരുന്നു. അതിനിടെയാണ് ലോറിയിൽ ലോഡ് കയറ്റി പോകുന്നതും. ഇത് തകർച്ച കൂട്ടി. ചെറിയ ലോറിയിൽ കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!