മുൻവൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ചാരായക്കേസിൽ പെടുത്താൻ ശ്രമം, അയൽവാസി ഉൾപ്പെടെ പിടിയിൽ

പരപ്പനങ്ങാടി: മുൻ വൈരാഗ്യം കാരണം ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർ കോട്ടയ്ക്കൽ സ്വദേശിയായ ഷൗക്കത്തലിയെ (38)  കേസിൽ കുടുക്കാൻ ശ്രമിച്ച അയൽവാസിയായ ചുടലപ്പാറ പാറാട്ട് മുജീബ് റഹ്മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കൊടമ്പാട്ടിൽ അബ്ദുൽ മജീദ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോയിൽ ചാരായം വിൽപന നടത്തുന്നുവെന്നു സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് താനൂരിൽ നിന്ന് ഡാൻസഫ് ടീം പരിശോധനയ്ക്കെത്തി. ഓട്ടോയിൽനിന്ന് നാലര ലീറ്റർ ചാരായം കണ്ടെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ അയൽവാസിയായ മുജീബ് റഹ്മാനാണ് സംഭവത്തിനു പിന്നിലെന്നു മനസ്സിലായി. 

നേരത്തേ ജയിലിൽവച്ച് പരിചയപ്പെട്ട അബ്ദുൽ മജീദിനെക്കൊണ്ട് കോട്ടയ്ക്കൽ ചുടലപ്പാറയിൽനിന്ന് ഷൗക്കത്തലിയുടെ ഓട്ടോ ട്രിപ്പ് വിളിച്ച് യാത്രയ്ക്കിടയിൽ മദ്യക്കുപ്പികൾ ഓട്ടോയ്ക്ക് പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. സി സി ടി വി പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും ആണ് പ്രതികളിലേക്ക് എത്തിയത്. ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, സിഐ ഹണി.കെ.ദാസ് എസ്ഐ പി.പ്രദീപ്കുമാർ, വി.സി.പി.ജിനു, എ.ഒ. പി.വിപിൻ, സി.അഭിമന്യു, എ.ആൽബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!