Wednesday, July 23

വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ അഭൂതപൂര്‍വമായ ജനക്കൂട്ടം ; സംസ്‌കാര സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലി. വിഎസിന്റെ സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെ അടക്കമുള്ള സമയക്രമത്തില്‍ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്ത് മണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി.

എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാന്‍ വഴിയരികില്‍ ഒഴുകിയെത്തിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാതിരാനേരത്തും കാത്തുനിന്നത്.

മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്‌കാരം

error: Content is protected !!