പ്രാർത്ഥനകൾ വിഫലമാക്കി ആൽവിൻ പോയി ; കളർകോട് വാഹനപകടത്തില്‍ മരണം ആറായി

ആലപ്പുഴ : പ്രാർത്ഥനകൾ വിഫലമാക്കി കളർകോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാർഥി കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശിയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ ആല്‍വിൻ ജോർജ് (20) ആണ് മരിച്ചത്.

തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്‍വിൻ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്ബരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. അപകടം നടന്ന ദിവസംതന്നെ അഞ്ച് വിദ്യാർഥികള്‍ മരിച്ചിരുന്നു. കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തില്‍ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണുമരിച്ചത് .

നിലവില്‍ നാല് വിദ്യാർഥികള്‍ ചികിത്സയിലാണ്. ചേർത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരീശങ്കർ, കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിൻ മുഹമ്മദ് എന്നിവരാണ് ചികിത്സയിലുള്ളത്. ആനന്ദ് മനുവിന് തുടയെല്ലിനു പൊട്ടലും തലച്ചോറിനും തലയോട്ടിക്കും ക്ഷതവുമുണ്ട്. കൃഷ്ണദേവിന് തിങ്കളാഴ്ചരാത്രി തന്നെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷൈൻ ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

രണ്ട് മാസം മുമ്ബാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്. കാറില്‍ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്.

error: Content is protected !!