നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി ; നടിയുടെ പരാതിയില്‍ കേസെടുത്തു

നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

നേരത്തെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ ലൊക്കേഷനില്‍ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

അതേസമയം കൊച്ചി സ്വദേശിയായ നടിയുടെ ഏഴ് പരാതികളില്‍ ഒന്ന് ജയസൂര്യക്കെതിരെയാണ്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!