
അഴിമതി നിവാരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. ഒമ്പത് പരാതികളാണ് ലഭിച്ചത്. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണന്‍ കുട്ടി മേനോന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്.
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വരുന്ന പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതി പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്ക് കൈമാറി. കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍ അഞ്ചാം വാര്‍ഡിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് കൈമാറും. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവഴിക്കുന്നതിലും നടത്തിപ്പിലും അഴിമതി നടക്കുന്നുവെന്ന് സൂചിപ്പിച്ച് കോട്ടക്കുന്ന് സംരക്ഷണ സമിതി നല്‍കിയ പരാതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറും. ബാക്കിയുള്ള പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു