Monday, September 15

യുപിഐ ഇടപാട് ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുക

യുപിഐ ഇടപാട് ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുക. രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുകയാണ്. വ്യാപാരികള്‍ക്കുള്ള പ്രതിദിന പേയ്മെന്റ് പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തി. ഇന്‍ഷൂറന്‍സ് അടക്കം തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ മാത്രമാണ് മാറ്റങ്ങള്‍. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി 6 ലക്ഷമാക്കിയതായും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അറിയിച്ചു.

ഇന്ന് പുതിയ പരിധി പ്രാബല്യത്തില്‍ വന്നു. ഉയര്‍ന്ന തുകയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തുടരും.

പുതിയ മാറ്റം ബാധകമാകുന്ന മേഖലകള്‍

പുതിയ മാറ്റം ഇന്‍ഷുറന്‍സ്, ഓഹരി വിപണി, യാത്ര, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍, ലോണ്‍, ഇ.എം.ഐ തിരിച്ചടവുകള്‍ തുടങ്ങിയ മേഖലകളിലെ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ക്ക് സഹായകമാകും. ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പേയ്മെന്റുകള്‍ക്കുമുള്ള ഒരു ഇടപാടിന്റെ പരിധി 2 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് വഴി നികുതി പേയ്മെന്റുകള്‍ നടത്താനുള്ള പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

കൂടാതെ, യാത്ര ബുക്കിംഗിനുള്ള ഒരു ഇടപാടിന്റെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം രൂപയാക്കിയും ആഭരണങ്ങള്‍ വാങ്ങാനുള്ള പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. അതേസമയം, ബാങ്കിംഗ് സേവനങ്ങളായ ടേം ഡെപ്പോസിറ്റുകള്‍ ഡിജിറ്റലായി തുറക്കുന്നതിനുള്ള ഇടപാട് പരിധി 2 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി. വെരിഫൈഡ് വ്യാപാരികള്‍ക്ക് മാത്രമേ പുതിയ പരിധി ബാധകമാകൂ എന്നും എന്‍.പി.സി.ഐ അറിയിച്ചു.

error: Content is protected !!