ലൗട്ടാരോ മാര്‍ട്ടിനസിന്റെ ചിറകിലേറി അര്‍ജന്റീനക്ക് തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം

Copy LinkWhatsAppFacebookTelegramMessengerShare

മയാമി : എക്‌സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്റീന കപ്പില്‍ മുത്തമിട്ടത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ 16-ാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്.

ആദ്യ പകുതിയും രണ്ടാം പകുതിയും ഗോള്‍ രഹിതമായതോടെ ഫൈനല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസ് മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു. പിന്നാലെ തിരിച്ചടിക്കാനുള്ള അവസരം കൊളംബിയയുടെ കോര്‍ഡോബയ്ക്കും കൈമോശം വന്നു. കൊളംബിയന്‍ പ്രസ്സിന് മുന്നില്‍ വിയര്‍ക്കുന്ന അര്‍ജന്റീനയെയാണ് ആദ്യ പകുതിയിലുടനീളം കണ്ടത്. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന സാക്ഷാല്‍ ലിയോണല്‍ മെസിക്ക് പോലും ഫിനിഷിംഗ് പിഴച്ചു. ഇതോടെ ഗോള്‍രഹിതമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. ഗോളി എമി മാര്‍ട്ടിനസിന്റെ മികവ് ആദ്യപകുതിയില്‍ അര്‍ജന്റീനയ്ക്ക് സുരക്ഷയായി മാറി.

രണ്ടാംപകുതിയുടെ തുടക്കത്തിലെ അര്‍ജന്റീന ഉണര്‍വ് വീണ്ടെടുത്തു. 58ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്. ആദ്യപകുതിയിലെ പരിക്ക് രണ്ടാംപകുതിയിലും വലച്ചതോടെ മെസി 66ാം മിനുറ്റില്‍ നിറകണ്ണുകളോടെ കളത്തിന് പുറത്തേക്ക് മടങ്ങി. ഡഗൗട്ടിലെത്തിയ മെസി പൊട്ടിക്കരയുന്നത് ഫുട്‌ബോള്‍ ലോകം തത്സമയം കണ്ടു. കളി കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീടും കണ്ടത്. ഇതിനിടെ 76ാം മിനുറ്റില്‍ അര്‍ജന്റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി വിധിച്ചു. ഇതിന് ശേഷം അര്‍ജന്റീന ശക്തമായ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ മാറിനിന്നു. 90 മിനുറ്റുകള്‍ക്ക് ശേഷം എക്‌സ്ട്രാടൈമിന്റെ ആദ്യപകുതിയിലും ഇരു ടീമുകളുടെയും ഗോള്‍ശ്രമങ്ങള്‍ പാളി. എന്നാല്‍ രണ്ടാംപകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ സുന്ദര ഫിനിഷിംഗ് അര്‍ജന്റീനയ്ക്ക് ലീഡും കപ്പും സമ്മാനിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!